Jaboticaba

Jaboticaba തൈ ഉല്പാദന രീതികൾ

Grafted Watermelon on Sabara rootstock
Grafted Aureana Watermelon variety on Sabara rootstock

എങ്ങനെയാണു ജബോട്ടിക്കാബ തൈ ഉത്പാദനം നടത്തുന്നതെന്നും ഏതൊക്കെ രീതിയിലാണ് നടത്താവുന്നതെന്നും നോക്കാം. ജബോട്ടിക്കാബ പുതിയ തൈ ഉത്പാദനം പല രീതികളിൽ ചെയ്തു വരുന്നുണ്ട്. താഴെ കാണുന്ന രീതികളാണ് കൂടുതലും കണ്ടു വരുന്നത്. എന്നിരുന്നാലും വിജയശതമാനം കണക്കിലെടുക്കുമ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ രീതികൾ ആയിരിക്കും വ്യാവസായിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത്. ഓരോ രീതികളുടെയും പ്രത്യേകതകൾ നോക്കി തീരുമാനമെടുക്കാം.

1 . വിത്ത് മുളപ്പിക്കൽ

ജബോട്ടിക്കാബ യുടെ ഏറ്റവും പ്രചാരം ഉള്ളതും എളുപ്പമായ ഒരു രീതിയാണ് വിത്ത് മുളപ്പിക്കൽ. മറ്റേതു വിത്ത് മുളപ്പിക്കുന്ന പോലെ തന്നെ ആണ് ജബോട്ടിക്കാബയുടെ വിത്ത് മുളപ്പിക്കുന്നതും. പച്ചക്കറി വിത്തുകളെ അപേക്ഷിച്ചു ജബോട്ടിക്കാബയുടെ വിത്തുകൾ മുളക്കാൻ 20 – 30 ദിവസമാണ് എടുക്കുന്നത്. വിത്ത് മുളച്ചു വരുന്ന തൈകൾ വളരെ കരുത്തുള്ളതായാണ് കണ്ടു വരുന്നത്. ജബോട്ടിക്കാബ ഇനങ്ങളുടെ വ്യത്യാസം അനുസരിച്ചു ഓരോ ഇനങ്ങളുടെയും കായ്ക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന കാരണത്താൽ ചില ഇനങ്ങൾ ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ലയറിങ് രീതികൾ ആയിരിക്കും കൂടുതൽ അനുയോജ്യം.

2 . ഗ്രാഫ്റ്റിങ്

ഗ്രാഫ്റ്റിങ് രീതി സാധാരണയായി ജബോട്ടിക്കാബയിൽ ഉപയോഗിക്കുന്നത് കായ്ക്കാൻ കാല താമസം ഉള്ള ഇനങ്ങളിൽ ആണ്. ഗ്രാഫ്റ്റിങ് വിവിധ തരത്തിൽ ഉണ്ടല്ലോ നമ്മൾ അതിലേക്കൊന്നും തത്കാലം പോവുന്നില്ല. എന്നിരുന്നാലും സാധാരണ ആയി approch ഗ്രാഫ്റ്റിങ് , സൈഡ് ഗ്രാഫ്റ്റിങ് അല്ലെങ്കിൽ cleft ഗ്രാഫ്റ്റിങ് രീതി എന്നിവയാണ് വിജയിക്കുന്നതായി കണ്ടു വരുന്ന രീതികൾ. കേരളത്തിൽ ഗ്രാഫ്റ്റിങ് ചെയ്യാൻ ഉത്തമമമായിട്ടുള്ള സമയം മഴ തുടങ്ങുന്ന സമയം ആണ്. എന്നിരുന്നാലും ഗ്രാഫ്റ്റിംഗിന് അനുയോജ്യമായ രീതിയിൽ ഒരുക്കങ്ങൾ ചെയ്താൽ ഏതു സമയത്തും ഗ്രാഫ്റ്റിങ് വിജയിക്കാനുള്ള സാധ്യത ഉണ്ട്.

ഗ്രാഫ്റ്റിങ് ചെയ്യുന്നതിനായി സാധാരണം കായ്ച്ച മരത്തിന്റെ scion ആയിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ജബോട്ടിക്കാബ കായ്ച്ച മരങ്ങളുടെ ലഭ്യത കണക്കിലെടുത്തു വിരളമായ വകഭേദങ്ങളുടെ കൂടുതൽ തൈകളുടെ ഉത്പാദനത്തിനും ഈ രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

3 .ബഡിങ്

കായ്ച്ചതോ അല്ലെങ്കിൽ കായ്ക്കാത്തതോ ആയ മദർ പ്ലാന്റിൽ നിന്നും മുകുളങ്ങൾ ശേഖരിച്ചു അത് മറ്റൊരു മരത്തിന്റെ തടിയിൽ ഒട്ടിച്ചു ചേർത്ത് വളർത്തി എടുക്കുന്ന രീതിയാണ് ബഡിങ്. ജബോട്ടിക്കാബയുടെ കാര്യത്തിൽ ഇത് പറയുകയാണെങ്കിൽ ബഡിങ് രീതി പ്രയോഗിച്ചു വിജയിച്ച രീതി ആകുന്നു. എന്നിരുന്നാലും ഇതിന്റെ പ്രായോഗികതയും മൂലകാണ്‌ഡത്തിന്റെ പരിമിതിയും കണക്കിലെടുക്കുമ്പോൾ ഗ്രാഫ്റ്റിങ് ആയിരിക്കും കുറച്ചു കൂടി പ്രായോഗികമായ രീതി.

4 . ലയറിങ്

ലയറിങ് രീതി ജബോട്ടിക്കാബയുടെ കാര്യത്തിൽ വിജയകരമാണ്. എന്നിരുന്നാലും പുതിയ വേര് പിടിക്കാനുള്ള സമയവും വിജയ ശതമാനവും കണക്കിലെടുക്കുമ്പോൾ ലയറിങ് അത്ര നല്ല ഒരു രീതി അല്ല ജബോത്തിക്കാബയിൽ എന്ന് മനസ്സിലാവും.

5 . റൂട്ടിങ്

വളരെ പെട്ടെന്നുള്ള തൈ ഉത്പാദനം ആണ് റൂട്ടിങ് കൊണ്ട് സാധ്യമാവുന്നത്. മാതൃ വൃക്ഷത്തിന്റെ ചെറിയ കട്ടിങ്ങുകൾ ശേഖരിച്ചു അത് റൂട്ടിങ് ഹോർമോൺ ഉപയോഗിച്ച് മണ്ണിൽ കുത്തിവച്ചു വേര് പിടിപ്പിച്ചെടുക്കുന്ന രീതി ആണ് റൂട്ടിങ്. റൂട്ടിങ് ചെയ്യുമ്പോൾ ചൂട് കുറഞ്ഞ മഴ സമയം ആണ് ഉത്തമം. കൂടാതെ ഹ്യൂമിഡിറ്റി ചേംബർ പോലുള്ള സംവിധാനം വിജയ ശതമാനം കൂട്ടുവാൻ സഹായിക്കുന്നു.

കൂടുതൽ കണ്ടു വരുന്ന രീതി വിത്ത് മുളപ്പിക്കൽ രീതി ആണ്. എന്നിരുന്നാലും 5 വർഷമോ അതിൽ കൂടുതലോ സമയം കായ്ക്കാൻ സമയം വേണ്ടി വരുന്ന വകഭേദങ്ങളുടെ ഗ്രാഫ്ട് ചെയ്തു പുതിയ തൈ ഉണ്ടാക്കുന്നതാവും ഉത്തമം.

മുകളിൽ പറഞ്ഞിട്ടുള്ള രീതികൾ അല്ലാതെ നിങ്ങൾ പരീക്ഷിച്ചു വിജയിച്ച രീതികൾ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ?